VOK News

മുന്നണി വിടാൻ തീരുമാനിച്ചിട്ടില്ല; യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശം -മാണി

radiovok

July 17th, 2016

0 Comments


കോട്ടയം: യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശമാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യങ്ങളോടാണ് മാണി ഇക്കാര്യം പറഞ്ഞത്. പാർട്ടിയിൽ പല അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. സ്വയം വിമർശപരമായ ചർച്ചയാണ് സ്റ്റിയറിങ് കമ്മിറ്റിയിൽ നടന്നത്. ബാർ കോഴ സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തിയത് ആശ്വാസത്തിന് വേണ്ടിയാണ്. എല്ലാവർക്കുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിൽ പാലായിലെ ജനങ്ങൾ നൽകിയത്. 13 വർഷമായി തന്നെ ജനങ്ങൾ നിയമസഭയിലേക്ക് ജയിപ്പിക്കുന്നു. നല്ല സഹനശക്തിയുള്ള പാർട്ടിയാണിത്. അമ്പത് വർഷത്തിനിടെ ഒട്ടേറെ ഇടി ലഭിച്ചിട്ടുണ്ട്. ഇടി കിട്ടുംതോറും തഴച്ചുവളർന്ന ചരിത്രമാണുള്ളതെന്നും കെ.എം.മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്-എം യു.ഡി.എഫ് വിടണമെന്ന് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. യു.ഡി.എഫ് നേതാക്കള്‍ കൂടെനിന്നു ചതിച്ചതായും വഞ്ചകരുടെ കൂടെ തുടരേണ്ടതില്ലെന്നും യോഗത്തില്‍ പരാമര്‍ശമുണ്ടായി. മുന്നണി വിടുന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കെ.എം മാണിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് എല്ലാ ഘട്ടത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചത്. ബജറ്റിന്‍റെ കാര്യത്തിലും മാണിയെ ഒറ്റപ്പെടുത്തി. തോമസ് ഐസക്കിന്‍റെ ബജറ്റിനെ കോണ്‍ഗ്രസ് വെറുതെ വിട്ടെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.

ബാര്‍ കോഴ ഇടപാടില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മാണി യോഗത്തിന് മുമ്പ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ അത്് മുന്നണി ബന്ധത്തെ ബാധിക്കുമെന്നും ബാര്‍ കോഴ കേസില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് ആരൊക്കെയാണെന്നു തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.