VOK News
കുണ്ടറയിലെ 10 വയസുകാരിയുടെ മരണം: പ്രതി മുത്തച്ഛനെന്ന് പൊലീസ്
കൊട്ടാരക്കര: കുണ്ടറയിൽ 10 വയസുകാരിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ പ്രതി മുത്തച്ഛനെന്ന് പൊലീസ്. പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പ്രതിയായ മുത്തച്ഛന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ചികിത്സയിലായിരുന്ന മുത്തശ്ശിയെ ഇന്നലെയാണ് പൊലീസ് ചോദ്യം ചെയ്തത്. മുത്തച്ഛനെതിരെ പെൺകുട്ടി തന്നോട് പരാതിപ്പെട്ടിരുന്നതായി മുത്തശ്ശി മൊഴി നൽകിയിരുന്നു. കൂടാതെ ആത്മഹത്യ ചെയ്ത ദിവസം പെൺകുട്ടിയെ മുത്തച്ഛൻ ചീത്ത വിളിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തു വയസുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.
മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ പെൺകുട്ടി ലൈംഗിംക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തു നിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. ഈ കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയത്തിന് ഇടനൽകിയിരുന്നു.